ചെമ്പേരി: മലയോര ഹൈവേയിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പാതിവഴിയിൽ നിർത്തിവച്ച് കരാറുകാരൻ പിന്മാറിയതുമൂലം ചെമ്പേരി ടൗണിൽ ഗതാഗത തടസം രൂക്ഷമാകുന്നു. വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് വർധിക്കാനിടയായത്.
ഇതിനെതിരേ പരാതി ഉയർന്നതോടെ കുടിയാന്മല പോലീസിന്റെ നിർദേശപ്രകാരം ഏരുവേശി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ റോഡരികിൽ വിവിധ ഭാഗങ്ങളിൽ ‘നോ പാർക്കിംഗ് 'ബോർഡുകൾ സ്ഥാപിക്കുകയുണ്ടായി. എന്നാൽ ഈ നിർദേശങ്ങൾ അവഗണിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരേ പോലീസ് പിഴ ചുമത്തുകയാണിപ്പോൾ.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ വാഹന ഉടമകൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു. കേരള പോലീസിന്റെ ട്രാഫിക് നിയന്ത്രണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ‘ശുഭയാത്ര' സംവിധാനത്തിലൂടെ അനധികൃത പാർക്കിംഗിനെതിരേ പൊതുജനങ്ങൾക്കും പരാതി നൽകാം.
പാർക്ക് ചെയ്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്ന ഫോട്ടോ, റിപ്പോർട്ട് ചെയ്യുന്ന സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തി 9747001099 എന്ന ശുഭയാത്ര വാട്സ് ആപ് നമ്പറിലേക്ക് അയച്ചാൽ വാഹനത്തിന്റെ ആർസി ഉടമയ്ക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർഥികൾ സഞ്ചരിക്കുന്ന തിരക്കേറിയ സമയങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സാധ്യമെങ്കിൽ സ്ഥിരമായി ഗതാഗത നിയന്ത്രണത്തിന് മുമ്പുണ്ടായിരുന്ന ഹോം ഗാർഡിനെ നിയോഗിക്കണമെന്നും വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.